കിഴങ്ങുകൃഷിക്കും തിരശീല വീഴുന്നു; കിഴങ്ങു വര്‍ഗ്ഗങ്ങള്‍ക്ക് കര്‍ണാടകയെ ആശ്രയിച്ച് വയനാടന്‍ കര്‍ഷകര്‍
പുല്‍പള്ളി: കിഴങ്ങുവിളകള്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിച്ചിരുന്ന വയനാട്ടിലേക്ക് ഇപ്പോള്‍ കിഴങ്ങുവിളകളെത്തുന്നത് കര്‍ണാടകയില്‍ നിന്നുമാണ്. കപ്പ, കാച്ചില്‍, ചേമ്പ്, ചേന, മധുരകിഴങ്ങ്, ഇഞ്ചി എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന വയനാട്ടിലിപ്പോള്‍ കാര്യമായ കൃഷിയില്ല. നാണ്യവിളകളുടെ തകര്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് കിഴങ്ങുവിളകളെയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും കിഴങ്ങുവിളകളെയും ഇല്ലാതാക്കി. കര്‍ഷകര്‍ക്കു വീട്ട് ആവശ്യത്തിനുള്ള ചേമ്പും ചേനയുമെല്ലാം കടയില്‍ നിന്നുവാങ്ങേണ്ട അവസ്ഥയാണ്.ഇഞ്ചിക്കൃഷിയാണ് ആദ്യം അതിര്‍ത്തി കടന്നത്. അതിനു പിന്നാലെ മറ്റുവിളകളും ലോഡ് കണക്കിന് കപ്പയും ചേമ്പും മധുരക്കിഴങ്ങും കര്‍ണാടകയില്‍ നിന്നെത്തുന്നു. ഇഞ്ചിക്കൃഷി ചെയ്ത സ്ഥലത്താണ് ഇവയുടെ നടീല്‍. അധിക വരുമാനമെന്നനിലയില്‍ ഇഞ്ചിനട്ട സ്ഥലത്ത് വീണ്ടും ഇത്തരം കൃഷിചെയ്യുന്നവര്‍ ധാരാളം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ണാടകാതിര്‍ത്തിയിലാണ് കാര്യമായ കിഴങ്ങു കൃഷിയുണ്ടായിരുന്നത്. പശിമയാര്‍ന്ന കറുത്ത കളിമണ്ണില്‍ ഇവ നന്നായിവിളഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വരള്‍ച്ചയില്‍ വ്യാപകമായ കൃഷിനാശമുണ്ടായി. വൈറസ് രോഗംബാധിച്ച് ചേന നശിച്ചവര്‍ക്ക് നടീലിനുളള വിത്തുപോലും ലഭിച്ചില്ല. വനാതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകളകലെയുള്ള കൃഷിയിടങ്ങളിലും കാട്ടുപന്നിയും മാനുകളും താവളമാക്കിയതോടെ ഒന്നും നടാന്‍ കഴിയാത്ത അവസ്ഥയുമാണ്. ചേമ്പും ചേനയും നട്ടുമുളയ്ക്കും മുന്‍പേ കാട്ടുപന്നി അവയെല്ലാം കുത്തിയിളക്കും. ഉല്‍പാദനം കുറഞ്ഞതിനാല്‍ വിളകള്‍ക്ക് ഇക്കൊല്ലം മെച്ചപ്പെട്ട വിലയുണ്ട്. ചേന കിലോയ്ക്ക് 50 രൂപയും കാച്ചിലിന് 45 ഉം പച്ചക്കപ്പക്ക് 20 ഉം ചേമ്പിന് 60 രൂപയുമുണ്ട്. രണ്ടാഴ്ചമുന്‍പ് കാച്ചിലിന് 60 രൂപയുണ്ടായിരുന്നു. ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ഇവയുടെ ചെലവും വിലയുമേറുമെന്നു കര്‍ഷകര്‍ പറയുന്നു. ഇക്കൊല്ലം അതിര്‍ത്തി പ്രദേശങ്ങളില്‍ മഴകുറഞ്ഞതും ഉല്‍പാദന നഷ്ടമുണ്ടാക്കി. കര്‍ണാടക എച്ച്ഡി കോട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് കാര്യമായി കിഴങ്ങുകൃഷിയുള്ളത്. കര്‍ഷകര്‍ പോയതിനു പിന്നാലെ വ്യാപാരികളും അവിടേക്ക് ചേക്കേറി