Feature NewsNewsPopular NewsRecent Newsകേരളം

കേരള ഹൈക്കോടതിയിലേ ക്ക് അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ;

കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്.

കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. പുതിയ 5 ജഡ്ജിമാര്‍ കൂടി ചുമതല ഏല്‍ക്കുന്നതോടെ ഹൈക്കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 45 ആകും. കേന്ദ്രസർക്കാർ നിയമിച്ച ജഡ്ജിമാർ ആരെല്ലാമെന്ന് നോക്കാം.

പി കൃഷ്ണകുമാർ: ആലപ്പുഴ ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കെ 2012 ഒക്ടോബറില്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്തും തിരുവനന്തപുരത്തും അഡീഷണല്‍ ജില്ലാ ജഡ്ജിയായും പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ജഡ്ജിയായും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം എൻഐഎ/സിബിഐസ് പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ് (ഇന്ത്യയില്‍ ഐ എസ് ഐ എസ്സിന്റെ ശാഖ തുടങ്ങുന്നതിനായി കനകമലയില്‍ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട്), സുബാനി ഹാജ ഐഎസ്‌ഐഎസ് കേസ് (ഐ എസ് ഐ എസ് നു വേണ്ടി ഇറാക്കില്‍ പോയി യുദ്ധം ചെയ്തശേഷം തിരിച്ചു വന്ന് ഇന്ത്യ യില്‍ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു എന്ന കേസ്), നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ നിർണായക വിധികള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് അഡീഷണല്‍ ജില്ലാ ജഡ്ജി ആയിരിക്കുമ്ബോള്‍ ബണ്ടി ചോർ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുപ്രശസ്ത മോഷ്ടാവിന് 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ (ഡിസ്ട്രിക്‌ട് ജുഡീഷ്യറി) ആയും രജിസ്ട്രാർ ജനറലായും സേവനം അനുഷ്ഠിച്ചു. 2017ല്‍ കാലിഫോർണിയയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറൻസില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.

മുൻ സെൻട്രല്‍ എക്സൈസ് ഉദ്യോഗസ്ഥനായ ആലപ്പുഴ വണ്ടാനം പുത്തൻവീട്ടില്‍ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഭാര്യ ഇന്ദിര പണിക്കരുടെയും മകനാണ്. അഡ്വക്കേറ്റ് ശാലിനിയാണ് ഭാര്യ. മക്കള്‍; കെ. ആകാശ് (വിദ്യാർത്ഥി, ഐസർ, മൊഹാലി), നിരഞ്ജൻ, നീലാഞ്ജന (എളമക്കര ഭവൻസ് വിദ്യാമന്ദിർ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികള്‍).

കെ വി ജയകുമാർ: തൃശ്ശൂർ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ചു വരവേ 2012 ല്‍ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമിച്ചു. തുടർന്ന് തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളില്‍ അഡിഷണല്‍ ജില്ലാ ജഡ്ജിയായും കോഴിക്കോട് വിജിലൻസ് ജഡ്ജിയായും തലശ്ശേരി, കൊല്ലം പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ വിജിലൻസ് രജിസ്റ്റ്ട്റാർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. തൃശ്ശൂർ കണിമംഗലം മാളിയേക്കലില്‍, പരേതനായ ഹരിദാസ് കർത്തയുടെയും കെ. വി. ഭാഗീരഥി തമ്ബായിയുടെയും മകനാണ്. ഭാര്യ; വിദ്യ കൃഷ്ണൻ മക്കള്‍; അമൃത, സ്നേഹ.

എസ് മുരളീകൃഷ്ണ: കാസർകോട് ജില്ല കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരവേ 2014 മാർച്ച്‌ 14 ന് നേരിട്ട് ജില്ലാ ജഡ്ജിയായി നിയമനായ ശ്രീ മുരളീകൃഷ്ണ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ആയും മഞ്ചേരി പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ആയും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജഡ്ജി ആയി പ്രവർത്തിച്ചുവരുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ മുരളീകൃഷ്ണ, നവ ചേതന വീട്ടില്‍ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ; അർച്ചന. മക്കള്‍; അക്ഷരി, അവനീഷ്. സഹോദരി ഭാരതി എസ് ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ്.

ജോബിൻ സെബാസ്റ്റ്യൻ: തൊടുപുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായിരിക്കെ 2014 മാർച്ച്‌ 14ല്‍ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യല്‍ സർവീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ആയും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആയും തലശ്ശേരി ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരുവാറ്റ ജിഷ്ണു വധക്കേസ്, കല്ലറ ജസീന ജ്വല്ലറി കൊല കേസ്, മാവേലിക്കര പെട്രോള്‍ പമ്ബിലെ കൊലപാതക കേസ് തുടങ്ങി നിരവധി സുപ്രധാന കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ രജിസ്ട്രാർ (ഡിസ്ട്രിക്‌ട് ജുഡീഷ്യറി) ആയി പ്രവർത്തിച്ചുവരികയായിരുന്നു. പാല നീലൂർ സ്വദേശിയായ ജോബിൻ സെബാസ്റ്റ്യൻ മംഗലത്തില്‍ എം ഡി സെബാസ്റ്റ്യന്റെയും ഗ്രേസിയുടേയും മകനാണ്. ഭാര്യ; ഡാലിയ. മക്കള്‍; തെരേസ, എലിസബത്ത്, ജോസഫ്.

പി വി ബാലകൃഷ്ണൻ: കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരവേ 2014 മാർച്ച്‌ 14ല്‍ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യല്‍ സർവീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ആയും കാസർകോട് പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ആയും പ്രവർത്തിച്ചു. നിലവില്‍ തിരുവനന്തപുരം പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും ആണ്. തൃശൂർ പാവറട്ടി സ്വദേശിയായ ശ്രീ ബാലകൃഷ്ണൻ, റിട്ടയേഡ് ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ; ഐശ്വര്യ. മക്കള്‍; ഗായത്രി, തരുണ്‍.

Leave a Reply

Your email address will not be published. Required fields are marked *