വിരലടയാളംപതിയാത്തവർക്ക്ഐറിസ് സ്കാനർ
സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് നവംബർ അഞ്ച് വരെ നീട്ടി. മുൻഗണനാ റേഷൻ കാർഡുകളുള്ള 16 ശതമാനത്തോളംപേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിംഗ് സൗകര്യം ഒരുക്കും. സാങ്കേതിക കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപയോഗിച്ച് പൂർത്തിയാക്കും. ഇതിനായി നവംബർ അഞ്ചിന് ശേഷം താലൂക്ക് സപ്ലൈയർ ഓഫീസറുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 25 വരെ പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങള്‍ക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ മതിയായ സമയം അനുവദിക്കും. രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങള്‍ക്ക് എൻആർകെ സ്റ്റാറ്റസ് നല്കി കാർഡില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സമയം നീട്ടി നല്‍കുന്നത് വഴി മസ്റ്ററിംഗ് 100% പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.