Event More NewsFeature NewsNewsPopular News

സഹോദരങ്ങളുടെ മക്കള്‍, പഠനവും കളിയും ഒരുമിച്ച്‌, മരണത്തിലും ഒപ്പം; മലപ്പുറത്തെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ഥികളുടെ മരണം

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാർഥികള്‍ മരിച്ച ഞെട്ടലിലാണ് നാട്.വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്ബൻ ഹംസയുടെ മകൻ ഹസ്സൻ ഫസല്‍ (19), ചെമ്ബൻ സിദ്ദീഖിന്റെ മകൻ ഇസ്‌മായില്‍ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ല്‍ ആണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന ബസും എതിർ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.വാഹനത്തിന് അടിയിലേക്ക് തെറിച്ച്‌ ലീണ് ഹസ്സൻ ഫസല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇസ്മായില്‍ ലബീബ് രാത്രി പത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സഹോദരങ്ങളുടെ മക്കളും കുടുംബ സുഹൃത്തുകളുമായിരുന്ന ഇരുവരും. ഒരിക്കലും പിരിയില്ലെന്ന നിശ്ചയത്തോടെയായിരുന്നു നാട്ടില്‍നിന്ന് ദൂരെയാണെങ്കിലും രാമപുരം ജെംസ് കോളജില്‍ ഡിഗ്രിക്ക് ഈ വർഷം ഇരുവരും പഠിക്കാൻ ചേർന്നത്. പത്താം തരം വരെ ചേറൂർ യതീംഖാന സ്കൂളിലും തുടർന്ന് പ്ലസ്‌ടുവിന് വേങ്ങര ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഒരുമിച്ച്‌ പഠിച്ചത് ഈ ആത്മബന്ധത്തിലായിരുന്നു. കോളജ് വിട്ടശേഷം ഒരുമിച്ച്‌ ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ഒരുമിച്ച്‌ പഠനവും കളിയും വിനോദവുമായിക്കഴിഞ്ഞ രണ്ടുപേരാണ് ഒരുമിച്ച്‌ ജീവിതത്തില്‍നിന്നും യാത്രയായത്. നാട്ടില്‍ എല്ലാരംഗത്തും ഒരുമിച്ചുതന്നെയായിരുന്നു ഇവരെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ടുപേരുടെയും പിതാക്കളും പ്രവാസ ജീവിതം നിർത്തി കോയമ്ബത്തൂരില്‍ ബിസിനസ് നടത്തിവരികയാണ്. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം പാക്കടപ്പുറായ ഇരുകുളം ജുമാമസ്‌ജില്‍ രണ്ടുപേരുടേയും മയ്യത്ത് ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *