കര തൊടാൻ വിഴിഞ്ഞം; റോഡ് മാർഗമുള്ള ചരക്ക് നീക്കം ജൂണിൽ ആരംഭിക്കും
തിരുവനന്തപുരം: അതിവേഗം വളരുന്ന വിഴിഞ്ഞം. ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ചരക്ക് നീക്കത്തിന് സഹായം ചോദിച്ചത് വിഴിഞ്ഞത്തിനോടായിരുന്നു. കപ്പലുകളുടെ തിരക്ക് കാരണം സ്നേഹത്തോടെ അവയെല്ലാം നിരസിക്കേണ്ടി വന്നു. ഇനി മറ്റൊരു നാഴികക്കല്ല് കൂടി തുറമുഖം താണ്ടാൻ പോവുകയാണ്. ട്രാൻസ്ഷിപ്മെൻ്റെ തുറമുഖമായിട്ടാണ് വിഴിഞ്ഞം അറിയുന്നത്. മദർഷിപ്പുകളിൽ എത്തിക്കുന്ന ചരക്ക് ചെറുകപ്പലിലൂടെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവുന്ന രീതി.
ജൂൺ രണ്ടാം വാരത്തോടെ കണ്ടെയിനറുകളുമായി കൂറ്റൻ വാഹനങ്ങൾ വിഴിഞ്ഞത്തിന്റെ റോഡ് വഴി പല ദേശത്തേക്ക് തിരിക്കും. ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായി. ഇതു വഴി ചരക്ക് വാഹനങ്ങൾക്ക് നീങ്ങാനുള്ള അനുമതി ഇനി ദേശീയപാത അതോറിറ്റി നൽകണം. ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് കേന്ദ്രം കഴിഞ്ഞ വർഷം നവംബറിൽ അനുമതി നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖത്തെ രണ്ടാംഘട്ട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നിലവിലെ 3.1 കിലോമീറ്റർ പുലിമുട്ട് 4 കിലോമീറ്റർ ആയി നീട്ടാനുള്ള നിർമാണം 40 ശതമാനം പൂർത്തിയായി. ബർത്തിൻ്റെ നീളം കൂട്ടുന്നതും നടക്കുകയാണ്. മഴ കനക്കുന്നതിന് മുമ്പ് പരമാവധി ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. ഇതുവരെ 950 കപ്പലുകളാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.
