Event More NewsFeature NewsNewsPoliticsPopular NewsRecent News

കാലില്‍ പിടിച്ച് മാപ്പുപറഞ്ഞു കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മഹാബലിപുരത്ത് എത്തിച്ച് കണ്ട് വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് നടന്‍ വിജയ്. കൂടിക്കാഴ്ചയില്‍ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച വിജയ് കരൂരില്‍ എത്താത്തതിനും ക്ഷമ ചോദിച്ചുവെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കുടുംബങ്ങള്‍ പറഞ്ഞു. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്.

സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ കൂടിക്കാഴ്ച വൈകുന്നേരം 6.30 വരെ നീണ്ടുനിന്നു. ദുരിതത്തിലായ പല കുടുംബങ്ങളും തങ്ങളുടെ ദുഃഖം പങ്കുവെച്ച് വിതുമ്പിയതോടെ ആശ്വാസവാക്കുകള്‍ പറയാനാവാതെ വിജയും അവരെ ചേര്‍ത്തുനിര്‍ത്തി.

ഓരോ കുടുംബാംഗങ്ങളോടും ഏകദേശം 20 മിനിറ്റിലേറെ നേരം വിജയ് അവരുടെ ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും ഉറപ്പു നല്‍കി. കുടുംബത്തിന് എന്ത് സഹായമാണ് വേണ്ടതെന്ന് വിജയ് തന്നോട് ചോദിച്ചതായി ദുരന്തത്തില്‍ ഭാര്യയെയും രണ്ട് മക്കളെയും നഷ്ടപ്പെട്ട കരൂരിലെ തുണിക്കച്ചവടക്കാരനായാ ആനന്ദജ്യോതി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘മരിച്ചവരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം വികാരാധീനനായി. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ കാല്‍ തൊട്ട് കരഞ്ഞു,’ ആനന്ദജ്യോതി പറഞ്ഞു. ‘തന്നെ സ്വന്തം കുടുംബത്തിലെ ഒരാളായി കാണണമെന്നും ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഒരു ദിവസം വീട്ടില്‍ വന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.’ ആനന്ദ ജ്യോതി പറഞ്ഞു.

അവിടെ എന്താണ് സംഭവിച്ചതെന്ന് വിജയ് തന്നോട് ചോദിച്ചതായി പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു. താന്‍ കരൂരില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് അവിടെ എന്താണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. തിരക്കില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പടെ ബുദ്ധിമുട്ടുന്നത് താന്‍ കണ്ടു. ഇങ്ങനെ സംഭവിച്ചതില്‍ താരം മാപ്പു ചോദിച്ചു. ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല, ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നും ഇകളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

കരൂരില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലും അവിടെയാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിപാടി അവസാനിപ്പിക്കേണ്ടിവരുമെന്നതിനാലുമാണ് കരൂരില്‍ സംഘടിപ്പിക്കാതെ മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് ടിവികെ നേതാവ് അരുണ്‍ രാജ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുമായി കൂടുതല്‍ സമയം ചെലവിടണമെന്നതിനാലുമാണ് പരിപാടി ഇത്തരത്തില്‍ ക്രമീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *